banner

കൂണ്‍ കൃഷി ആരോഗ്യത്തിനും ആദായത്തിനും

കൂണ്‍ വളരെയധികം പോഷകഗുണങ്ങളും ഔഷധഗുണങ്ങളുമുള്ള ഭക്ഷ്യവിളയാണ്. രുചിയുടെ കാര്യത്തിലും ഏറെ മുമ്പില്‍ തന്നെ. രക്തത്തിലെ കൊളസ്‌ട്രോള്‍ കുറക്കാനും കാന്‍സര്‍ രോഗത്തെ നിയന്ത്രിക്കാനും കൂണിന് കഴിയും. വിളര്‍ച്ച മാറ്റി ഊര്‍ജ്ജം പ്രദാനം ചെയ്യുന്നതോടൊപ്പം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയും ഇത് വര്‍ധിപ്പിക്കുന്നു. അധികം മുതല്‍ മുടക്കില്ലാതെ നല്ല വരുമാനം ലഭിക്കാനുള്ള ഒരു തൊഴില്‍ സംരംഭമായി കൂണ്‍ കൃഷി ചെയ്യാവുന്നതാണ്.
സാധാരണയായി നമ്മുടെ കാലാവസ്ഥയില്‍ കൃഷിചെയ്യാന്‍ പറ്റുന്ന രണ്ടു തരം കൂണുകളുണ്ട്. ചിപ്പിക്കൂണും (ഓയിസ്റ്റര്‍ മഷ്‌റൂം) പാല്‍ കൂണും (മില്‍ക്കി മഷ്‌റൂം). ചിപ്പിക്കൂണ്‍ കൃഷിചെയ്യാന്‍ ഏറ്റവും നല്ലത് വൈക്കോലാണ്. കൂടാതെ അറക്കപ്പൊടി, ചകിരി, ഉണങ്ങിയ വാഴത്തട മുതലായവയിലും കൃഷി ചെയ്യാം. കൂണ്‍ വളര്‍ത്താന്‍ ഉപയോഗിക്കുന്ന മാധ്യമം അണുവിമുക്തമാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അത് രണ്ട് രീതിയില്‍ ചെയ്യാം. തിളപ്പിക്കലും രാസവസ്തു ഉപയോഗിക്കലും
തിളപ്പിക്കല്‍
വൈക്കോല്‍ 12-16 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. കുതിര്‍ത്ത വൈക്കോല്‍ 45 മിനുട്ട് തിളച്ച വെള്ളത്തിലോ ആവിയിലോ വെച്ച് പുഴുങ്ങിയെടുത്ത് അധികമായ ജലം വാര്‍ന്ന് പോകുന്നതിന് സജ്ജമാക്കുക.
രാസവസ്തു ഉപയോഗിച്ചുള്ള അണുനശീകരണം
50 മില്ലി ഫോര്‍മാലിനും 8 ഗ്രാം കാര്‍ബെന്‍ഡാസിമും 100 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി അതില്‍ വൈക്കോല്‍ 10-12 മണിക്കൂര്‍ മുക്കി വെച്ചും അണുനശീകരണം നടത്താം.
കൂണ്‍ ബെഡ്
അണുനശീകരണം നടത്തിയ വൈക്കോല്‍ നല്ല പോലെ വെള്ളം വാര്‍ത്തുകളഞ്ഞതിന് ശേഷം കവറില്‍ നിറക്കാം. പിഴിഞ്ഞാല്‍ വെള്ളം തുള്ളിയായി ഇറ്റ് വീഴാത്ത പരുവത്തിലായാല്‍ വൈക്കോല്‍ എടുത്ത് വട്ടത്തില്‍ ചുമ്മാടുകള്‍ (തിരിക) ആക്കി വെക്കുക. രണ്ട് അടി നീളവും ഒരടി വീതിയുമുള്ള പോളിത്തീന്‍ കവറുകളില്‍ ഇവ നിറക്കാം. ഒരു പാക്കറ്റ് നിറക്കുന്നതിന് 125 ഗ്രാം കൂണ്‍ വിത്ത് വേണം (സ്‌പോണ്‍). പോളിത്തീന്‍ കവറില്‍ ആദ്യം ഒരു ലെയര്‍ വൈക്കോല്‍ കവറില്‍ നിറക്കുക. ഒരു പിടി വിത്തെടുത്ത് വൈക്കോലിന് മുകളിലായി വശം ചേര്‍ത്തിടുക. അതിനു ശേഷം അടുത്ത അട്ടി വൈക്കോല്‍ കവറില്‍ നിറക്കുക. ഒരു പിടി വിത്തെടുത്ത് വൈക്കോലിന് മുകളിലായി വശം ചേര്‍ത്തിടുക. വൈക്കോല്‍ നിറക്കുമ്പോള്‍ ഇടയില്‍ വിടവ് വീഴാതിരിക്കാന്‍ കൈകൊണ്ട് അമര്‍ത്തി കൊടുക്കണം ഇങ്ങനെ 4 ലെയര്‍ വൈക്കോലിന് 4 പിടി വിത്ത് ഉപയോഗിച്ച് ഒരു കവര്‍ നിറക്കാം. ശേഷം കൂണ്‍ബെഡ് പോളിത്തീന്‍ കവറിന്റെ തുറന്ന അറ്റം നൂലോ റബ്ബര്‍ബാന്‍ഡോ ഇട്ട് കെട്ടിവെക്കണം. അതിനു ശേഷം ഡെറ്റോള്‍ ഉപയോഗിച്ച് തുടച്ച ഒരു സൂചി ഉപയോഗിച്ച് ഈ ബെഡില്‍ 15- 20 തുളകളുണ്ടാക്കുക. ശേഷം ഈ ബെഡ് വായുസഞ്ചാരമുള്ളതും അധികം വെളിച്ചം കടക്കാത്തതുമായ മുറിയില്‍ ഉറിയിലോ മറ്റോ തൂക്കിയിടുക. 15-20 ദിവസം കഴിയുമ്പോള്‍ കൂണ്‍ തന്തുക്കള്‍ വളരാന്‍ തുടങ്ങും. ഈ സമയത്ത് ഡെറ്റോള്‍ ഉപയോഗിച്ച് തുടച്ച ഒരു ബ്ലേഡുപയോഗിച്ച് കൂണ്‍ ബെഡില്‍ ചെറിയ കീറലുകള്‍ ഉണ്ടാക്കിക്കൊടുക്കുക. തുടര്‍ന്ന് മുറിയില്‍ വെളിച്ചം അനുവദിക്കുക. എല്ലാ ദിവസവും ചെറിയ ഹാന്‍സ്‌പ്രേയര്‍ ഉപയോഗിച്ച് ഈ ബെഡുകള്‍ നനച്ചു കൊടുക്കണം. നാലോ അഞ്ചോ ദിവസം കഴിയുമ്പോള്‍ ആദ്യ വിളവെടുപ്പ് നടത്താം. കൂണ്‍ വിളവെടുക്കുമ്പോള്‍ ചുവടുഭാഗം പിടിച്ച് തിരിച്ചാല്‍ പറിച്ചെടുക്കാന്‍ കഴിയും. ഒരാഴ്ചക്കകം അടുത്ത വിളവെടുപ്പ് നടത്താം.
കൂണ്‍ ബെഡ് തയ്യാറാക്കുന്നതിന് മുമ്പ് കൈകള്‍ ഡെറ്റോളോ പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയോ ഉപയോഗിച്ച് കഴുകേണ്ടതാണ്. വീട്ടില്‍ ഒഴിഞ്ഞ മുറിയുണ്ടെങ്കില്‍ മുളങ്കമ്പുകളില്‍ പ്ലാസ്റ്റിക്ക് കയര്‍ പിണച്ച് ഉറികെട്ടി അതില്‍ കൂണ്‍ തടങ്ങള്‍ വെക്കണം.
കൂണ്‍ കൃഷി ഒരു തൊഴില്‍ സംരംഭമായി തുടങ്ങുന്നവര്‍ കുറഞ്ഞ ചെലവില്‍ കൂണ്‍ വളര്‍ത്തുന്നതിനുള്ള ഷെഡ് നിര്‍മിക്കേണ്ടതാണ്. മതിയായ പരിശീലനം നേടിയതിന് ശേഷം മാത്രമേ വ്യാവസായികാടിസ്ഥാനത്തില്‍ കൂണ്‍ കൃഷി തുടങ്ങാവൂ. അതാത് പഞ്ചായത്തുകളിലുള്ള കൃഷിഭവനുമായി ബന്ധപ്പെട്ടാല്‍ ഇതിനുള്ള സൗകര്യം ലഭിക്കുന്നതാണ്. മാസംതോറും 200 ബെഡുകളെങ്കിലും ഉണ്ടാക്കുന്ന ഒരു സംരംഭത്തിന് ഒരു വര്‍ഷത്തില്‍ 75000 രൂപവരെ ലാഭം കിട്ടുന്നതാണ്.
കൂണ്‍ കൊണ്ട് ചില്ലി മഷ്‌റൂം, ജിന്‍ജര്‍ മഷ്‌റൂം, കൂണ്‍ സൂപ്പ്, കൂണ്‍ കട്ട്‌ലെറ്റ്, കൂണ്‍ ഫ്രൈഡ്രൈസ്, അച്ചാര്‍, തോരന്‍ തുടങ്ങിയ പലവിധ വിഭവങ്ങളുണ്ടാക്കാം…
കടപ്പാട് : പി.റസിയAbout pratichaya