banner

അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍, വേദനയോടെയെന്ന് മുഖ്യമന്ത്രി, ഏകപക്ഷീയമെന്ന് പ്രതിപക്ഷ നേതാവ്, പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരുപ്പ് തുടങ്ങി, സഭ ഇന്നത്തേക്ക് പിരിഞ്ഞു

പ്രതിപക്ഷത്തെ അഞ്ച് എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍. വി ശിവന്‍കുട്ടി, ഇപി ജയരാജന്‍, കെ കുഞ്ഞമ്മദ് മാസ്റ്റര്‍, കെ അജിത്, കെ.ടി. ജലീല്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് എംഎല്‍എമാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടത്. ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഉണ്ടായ കലാപത്തിന്റെ പേരിലാണ് എംഎല്‍എമാരെ സസ്‌പെന്റ് ചെയ്തത്. ബജറ്റ് സമ്മേളനം അവസാനിക്കും വരെയാണ് സസ്‌പെന്‍ഷന്‍. ഇത് തികച്ചും ഏകപക്ഷീയമായ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. എന്നാല്‍ വളരെ വേദനയോടെയാണ് താന്‍ പ്രമേയം അവതരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പ്രമേയത്തെ പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ ശക്തമായ ഭാഷയില്‍ എതിര്‍ത്തു. വനിത എംഎല്‍എമാര്‍ക്കെതിരെ ലൈംഗിക ചേഷ്ട കാണിക്കുകയും കടന്ന് പിടിക്കുകയും ചെയ്ത എംഎല്‍എമാര്‍ക്കെതിരെ നടപടിയില്ലെന്നും വിഎസ് ആരോപിച്ചു. മാണി 82 വയസിന്റെ പക്വതകാണിക്കണമായിരുന്നുവെന്നും വിഎസ് പറഞ്ഞു.

സ്പീക്കര്‍ പ്രതിപക്ഷ നേതാക്കളുമായി നടത്തിയ സമവായ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചത്. രാവിലെ തന്നെ പ്രതിപക്ഷവുമായി സ്പീക്കര്‍ നടത്തിയ അനുനയ ശ്രമങ്ങള്‍ ഫലം കണ്ടില്ല. ഗവര്‍ണ്ണര്‍ പി സദാശിവത്തിന്റെ നിര്‍ദ്ദേശമുള്ളതിനാല്‍ സഭയില്‍ പ്രശ്‌നമുണ്ടാക്കിയ എംഎല്‍എമാര്‍ക്കെതിരെ നടപടി എടുക്കേണ്ടി വരുമെന്ന സ്പീക്കറുടെ നിര്‍ദ്ദേശം പ്രതിപക്ഷം തള്ളുകയായിരുന്നു. ചോദ്യോത്തരവേളയില്‍ തന്നെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തുമെന്ന് കരുതിയെങ്കിലും അംഗങ്ങള്‍ മന്ത്രിമാരോട് ചോദ്യങ്ങള്‍ ഉന്നയിക്കുകയായിരുന്നു. ശാന്തമായാണ് ചോദ്യോത്തരവേള നടന്നതും. അതിന് ശേഷമാണ് സര്‍വ്വ കക്ഷി യോഗം നടന്നത്. ഭരണപ്രതിപക്ഷ നേതാക്കളുമായി സ്പീക്കര്‍ പ്രത്യേകം പ്രത്യേകം ചര്‍ച്ചയും നടത്തി. പക്ഷേ ഇതിലൊന്നും സമവായം ഉണ്ടായില്ല. ധനമന്ത്രി കെഎം മാണിയെ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. ബജറ്റുമായി സഹകരിക്കില്ല. എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി കുത്തിയിരുപ്പ് തുടങ്ങി. പ്രതിപക്ഷ ബഹളത്തെതുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇനി സഭ 23 നേ ചേരുകയുള്ളുവെന്നും സ്പീക്കര്‍ സഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്പീക്കറുടെ ഡയസ് തകര്‍ത്ത പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെയാണ് നടപടിയെടുത്തത്. വനിതാ എംഎല്‍എ.മാരെ അപമാനിച്ചുവെന്നതുള്‍പ്പെടെ 13 പരാതികളാണ് പ്രതിപക്ഷം നല്‍കിയിരിക്കുന്നത്. ഇതില്‍ പ്രതിപക്ഷനേതാവ് വി എസ്.അച്യുതാനന്ദന്‍ നല്‍കിയ പരാതിയുമുണ്ട്. ഈ പരാതികളും പരിശോധിച്ചില്ലെന്നും ആരോപണമുണ്ട്.



About pratichaya