banner

ചെറിയ വീടുകള്‍ക്ക് ഇനി നികുതി ഇല്ല

23.4.15.6
തിരുവനന്തപുരം: ചെറിയ വീടുകള്‍ക്ക് ഇനിമേല്‍ നികുതി ഈടാക്കേണ്ടതില്ലെന്ന് യു.ഡി.എഫ് സര്‍ക്കാറിന്റെ തീരുമാനം. 660 ചതുരശ്രയടി വരെ തറ വിസ്തീര്‍ണമുള്ള എല്ലാവീടുകളെയും നികുതിയില്‍ നിന്ന് ഒഴിവാക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. പഞ്ചായത്തുകള്‍ വഴി നടപ്പാക്കുന്ന ഇന്ദിരാഗാന്ധി ആവാസ് യോജന പദ്ധതി പ്രകാരമുള്ള വീടുകള്‍ക്കും ഈ ആനുകൂല്യം ലഭിക്കണമെന്നത് കൂടി പരിഗണിച്ചാണ് 660 ചതുരശ്രയടി വിസ്തീര്‍ണം എന്ന മാനദണ്ഡം നടപ്പാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമൂഹത്തിലെ എല്ലാ വിഭാഗക്കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.
 
മന്ത്രിസഭയുടെ തീരുമാനം സംസ്ഥാനത്തെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസം പകരും. ഇതിന് പുറമേ, 2000 ചതുരശ്രയടി വരെ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് ചുമത്തിയ അധിക നികുതിയും പിന്‍വലിച്ചു. കോവളത്ത് ചേര്‍ന്ന യു.ഡി.എഫ് സമ്പൂര്‍ണയോഗത്തിന്റെ തീരുമാനം മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും വര്‍ധിപ്പിച്ച കെട്ടിട നികുതി കുറയ്ക്കുന്നതിനുള്ള നിര്‍ദേശം മന്ത്രിമാരായ എം.കെ മുനീറും മഞ്ഞളാംകുഴി അലിയും ഇന്നലെ മന്ത്രിസഭായോഗത്തിന്റെ മുന്നില്‍വെച്ചു. ഇതുപരിശോധിച്ചശേഷമാണ് തീരുമാനം.
 
വര്‍ധിപ്പിച്ച നികുതി അടച്ചിട്ടുള്ള ഇത്തരം കുടുംബങ്ങള്‍ക്ക് അടുത്ത നികുതിയില്‍ ആ തുക ഇളവു ചെയ്ത് നല്‍കും. 2000 ചതുരശ്രയടിക്ക് മുകളില്‍ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് പരമാവധി നികുതി വര്‍ധന 25 ശതമാനത്തില്‍ കൂടുതല്‍ ആകരുതെന്നും മന്ത്രിസഭ തീരുമാനിച്ചു. അതേസമയം, 2013 മാര്‍ച്ച് ഒന്നിന് ശേഷം പുനര്‍നിര്‍മാണത്തിലൂടെ തറവിസ്തീര്‍ണം ഉയര്‍ന്നിട്ടുണ്ടെങ്കില്‍ അത്രയും ഭാഗത്തെ നിര്‍മാണത്തിന് വര്‍ധിപ്പിച്ച നികുതിയുടെ ആനുപാതിക വിഹിതം നല്‍കേണ്ടിവരും.
 
വാണിജ്യ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ക്ക് വാര്‍ഷിക നികുതി നിശ്ചയിക്കുമ്പോള്‍ അത് ഇരട്ടിയിലധികം ആകാന്‍ പാടില്ലെന്ന് മന്ത്രിസഭ നിര്‍ദേശം നല്‍കി. 150 ശതമാനം വരെ നികുതി പിരിക്കാനായിരുന്നു വകുപ്പിന്റെ തീരുമാനമെങ്കിലും ഇപ്പോള്‍ നാലിരട്ടിവരെ നികുതി പിരിക്കുന്നതായി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വര്‍ധിപ്പിച്ച നികുതിയില്‍ ഇരട്ടിയിലധികം തുക വാങ്ങരുതെന്ന് നിര്‍ദേശിച്ചിട്ടും ഇതെങ്ങനെ സംഭവിച്ചുവെന്ന് അറിയില്ലെന്നും കെട്ടിട നികുതി വര്‍ധന പിന്‍വലിക്കുന്നതിന് നിയമഭേദഗതി വേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


About pratichaya