banner

രാജ്യം കുടിവെള്ളത്തിന്റെ യുദ്ധമുഖത്ത്: ഇ.ടി ബഷീര്‍

23.4.15.7
ന്യൂഡല്‍ഹി: കുടിവെള്ളം, ശുചീകരണം തുടങ്ങിയ അത്യാവശ്യ കാര്യങ്ങളുടെ ബജറ്റ് വിഹിതം കഠിനമായി വെട്ടിക്കുറച്ചിരിക്കയാണെന്നും രാജ്യത്തിന്റെയോ ജനങ്ങളുടെയോ കാര്യത്തില്‍ സര്‍ക്കാറിന് യാതൊരുവിധ ഗൗരവവും ആത്മാര്‍ത്ഥതയുമില്ലെന്നതിനു മതിയായ തെളിവാണ് ഇതെന്നും മുസ്‌ലിം ലീഗ് പ്രതിനിധി ഇ.ടി മുഹമ്മദ് ബഷീര്‍ പാര്‍ലമെന്റില്‍ പറഞ്ഞു. കുടിവെള്ള ശുചീകരണ മന്ത്രാലയത്തിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബഷീര്‍. ദേശീയ കുടിവെള്ള പദ്ധതിയുടെ പദ്ധതി വിഹിതത്തില്‍ 4326.46 കോടി രൂപയും സ്വഛ് ഭാരത് പദ്ധതിയില്‍ 2,75,348.81 ലക്ഷവും വിവിധ സംസ്ഥാനങ്ങളിലായി ചെലവഴിക്കാതെ ബാക്കിയായത് എന്ത് കൊണ്ടാണെന്ന് ഗവണ്‍മെന്റ് ഗൗരവമായി പരിശോധിക്കണം.
 
പദ്ധതികള്‍ക്ക് തന്നെ അടിസ്ഥാന വൈകല്യമുണ്ടോ എന്നും നടപ്പിലാക്കുന്നതില്‍ അലംഭാവം കാണിച്ചിട്ടുണ്ടോ എന്നും പരിശോധിക്കേണ്ടതാണ്. ആളോഹരി കുടിവെള്ള ലഭ്യത അനുദിനം കുറഞ്ഞ് വരുന്നതായും ബഷീര്‍ പാര്‍ലമെന്റില്‍ ചൂണ്ടിക്കാട്ടി. ഇനിയൊരു ലോക മഹാ യുദ്ധമുണ്ടാവുകയാണെങ്കില്‍ അത് കുടിവെള്ളത്തിന് വേണ്ടിയായിരിക്കുമെന്നും കുടിവെള്ളത്തിനായി ജനങ്ങള്‍ തെരുവുകളില്‍ കലാപമുണ്ടാക്കുമെന്നും പ്രവചിക്കപ്പെട്ടിട്ടുണ്ട്. കുടിവെള്ളത്തിന്റെ സ്രോതസ്സുകളുടെ സുസ്ഥിരത, കുടിവെള്ളത്തില്‍ വന്ന് കൊണ്ടിരിക്കുന്ന വിഷലിപ്തമായ മലീനീകരണം, ശക്തമായ നിയമ നടപടികളുടെ അഭാവം, താഴെ തട്ടിലുള്ള ഘടകങ്ങളെ സംയോജിപ്പിക്കുന്നതിലുള്ള നയവൈകല്യം എന്നിവ പ്രശ്‌നം രൂക്ഷമാക്കുന്നതിലെ പ്രധാന ഘടകങ്ങളാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
 
ഗ്രാമീണ തലം തൊട്ട് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കലും മേല്‍നോട്ടം വഹിക്കലും അനിവാര്യമാണ്. നാം കുടിക്കുന്ന വെള്ളം എത്രത്തോളം അശുദ്ധമാണെന്ന അമ്പരിപ്പിക്കുന്ന സത്യം ഓരോ ദിവസവും ഉയര്‍ന്ന് വരികയാണ്. ഖരമാലിന്യങ്ങളും രാസ വസ്തുക്കളും കീട നാശിനികളുമെല്ലാം കുടിവെള്ളത്തില്‍ ലയിച്ച് ചേര്‍ന്നിട്ടുണ്ട്. സി.എഫ്.എല്‍ ബള്‍ബുകള്‍ കഷ്ണം കഷ്ണമായി പുറത്തെറിയപ്പെടുമ്പോള്‍ മെര്‍ക്കുറി, മണ്ണിലും വെള്ളത്തിലും ലയിക്കുന്നുവെന്ന പുതിയ അറിവുകളും അമ്പരപ്പോടെ നാം കേള്‍ക്കുന്നുണ്ട്. ഇത്തരം അപകടങ്ങളെ കണ്ടെത്താനും തടയാനുമുള്ള നടപടികള്‍ സ്വീകരിക്കണം. കുടിവെള്ള ശുചീകരണത്തിന്റെയും സംരക്ഷണത്തിന്റെയും കാര്യത്തില്‍ ഓരോ ഗ്രാമങ്ങളിലേയും യുവജന സംഘടനകള്‍, ക്ലബ്ബുകള്‍, എന്‍.ജി.ഒ കള്‍, സിവില്‍ സൊസൈറ്റി തുടങ്ങിയവയുടെ പങ്കാളിത്തം ഉറപ്പ് വരുത്താന്‍ ബഷീര്‍ സര്‍ക്കാറിനോടാവശ്യപ്പെട്ടു.


About pratichaya