banner

മോദിയുടെ രാഷ്ട്രീയ നയങ്ങള്‍ക്കെതിരെ രാഹുല്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കാലത്ത് തന്നെ വ്യക്തിപരമായി പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയോട് രാഹുല്‍ ഗാന്ധി അതേനാണയത്തില്‍ കണക്ക് തീര്‍ക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ മോദിയുടെ രാഷ്ട്രീയ നയങ്ങള്‍ക്കെതിരെ രാഹുല്‍ രൂക്ഷമായാണ് പ്രതികരിക്കുന്നത്. ഇന്നലെ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ മോദി വിളിച്ചു വരുത്തി ഒരു മണിക്കൂര്‍ ചര്‍ച്ച നടത്തിയതിനെതിരെ രാഹുല്‍ ഗാന്ധി രംഗത്തെത്തി.
 
സാമ്പത്തിക രംഗത്തെ കുറിച്ച് ചോദിച്ച് മനസിലാക്കാനാണ് സിങിനെ വിളിച്ചു വരുത്തിയത് എന്നായിരുന്നു പരിഹാസം. തെരഞ്ഞെടുപ്പ് കാലത്ത് രാജകുമാരനെന്നും സ്വര്‍ണക്കരണ്ടിയുമായി ജനിച്ചവനെന്നുമൊക്കെ പരിഹസിച്ച മോദിക്കു നേരെയുള്ള ആക്രമണം കടുപ്പിച്ചിരിക്കുകയാണ് രാഹുലിപ്പോള്‍. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ആവേശത്തിലാക്കിയിട്ടുണ്ട്. മോദിയുടേത് സ്യൂട്ട് ബൂട്ട് സര്‍ക്കാറാണെന്നായിരുന്നു നേരത്തെയുള്ള ആക്ഷേപം.
 
മോദിയുടെ 10 ലക്ഷം രൂപ വിലയുള്ള കോട്ടിനെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു ഇത്. ഇത് ബി.ജെ.പി.യെ പ്രകോപിതരാക്കിയിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് സമ്മേളന നഗരിയിലും ഇക്കാര്യം പരാമര്‍ശിച്ചു. ബി.ജെ.പി എംപിമാരുടെ അഭ്യര്‍ത്ഥന മാനിച്ച് പാര്‍ലമെന്റില്‍ ഇക്കാര്യം ഇനി താന്‍ പറയില്ലെന്നും രാഹുല്‍ തുടര്‍ന്നു.
കര്‍ഷകര്‍ ദുരിതംസഹിക്കുന്ന സമയത്ത് മോദി വിദേശത്ത് കറങ്ങുകയാണെന്നും വിദേശ രാഷ്ട്ര നേതാക്കളോടൊത്ത് സെല്‍ഫി എടുക്കുന്നതു പോലെ കര്‍ഷകരുടെ കൂടെ സെല്‍ഫിയെടുക്കാനും തയ്യാറാവണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. ഇതുപോലെ മുന്നോട്ട് പോവാനാണ് സര്‍ക്കാറിന്റെ പോക്കെങ്കില്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ ബി.ജെ.പി സര്‍ക്കാറുണ്ടാവില്ലെന്നും രാഹുല്‍ തുടര്‍ന്നു. അഞ്ജാതവാസത്തിനു ശേഷം തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി നരേന്ദ്ര മോദിയുടെ വികല രാഷ്ട്രീയ നയങ്ങള്‍ക്കെതിരെ രൂക്ഷ പരിഹാസമാണുയര്‍ത്തുന്നത്.


About pratichaya