banner

കേന്ദ്രസര്‍ക്കാറിന്റെ നയങ്ങള്‍ രാജ്യത്തെ പിറകോട്ടടിപ്പിച്ചു: രാഹുല്‍

thumbimage
ചാവക്കാട്: സാധാരണക്കാരെ ദുര്‍ബലരായി കണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങള്‍ രാജ്യത്തെ പിറകോട്ടടിപ്പിച്ചെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കടല്‍ കടലിന്റെ മക്കള്‍ക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി ചാവക്കാട് കടപ്പുറത്ത് സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരന്റെ വളര്‍ച്ചയാണ് രാജ്യത്തിന്റെ പുരോഗതി. എന്‍.ഡി.എ സര്‍ക്കാറിന് എന്താണ് തങ്ങളോട് വിരോധമെന്നാണ് കര്‍ഷകരും സാധാരണക്കാരും ചോദിക്കുന്നത്.
 
കര്‍ഷകരുടെ വിളകള്‍ക്ക് വിലയില്ല. നശിക്കുന്ന വിളകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നില്ല. കൃഷി ഭൂമി തട്ടിയെടുത്ത് കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്ന സര്‍ക്കാര്‍ ഇപ്പോള്‍ മത്സ്യതൊഴിലാളികളില്‍ നിന്ന് കടലും കവര്‍ന്നെടുക്കുകയാണ്. മോദിയെ സംബന്ധിച്ച് വലിയ മുതലാളിമാരാണ് കഴിവുള്ളവര്‍. കര്‍ഷകരും മത്സ്യത്തൊഴിലാളികളും ആദിവാസികളും ചെറുകിട കച്ചവടക്കാരുമെല്ലാം ദുര്‍ബലരാണെന്നാണ് അദ്ദേഹം കരുതുന്നത്. അവരുടെ യഥാര്‍ത്ഥ ശക്തി മോദി തിരിച്ചറിയുന്ന കാലം വിദൂരമല്ല. ഈ നാടിന്റെ ആത്മാവിനോടാണ് മോദി യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും- രാഹുല്‍ മുന്നറിയിപ്പ് നല്‍കി.
 
സാധാരണക്കാരുടെ പോരാട്ടത്തില്‍ കോണ്‍ഗ്രസ് ഒപ്പമുണ്ടാകും. സമ്പന്നര്‍ക്കുവേണ്ടി മാത്രമുള്ള സര്‍ക്കാരിനെതിരെ സാധാരണക്കാരെ ഒരുമിച്ച് രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് സജ്ജമായിക്കഴിഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്കായി ദേശീയതലത്തില്‍ സംഘടന രൂപീകരിക്കും. വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് പ്രസിഡന്റുമാരുമായി ആലോചിച്ച് തീരുമാനം കൈകൊള്ളുമെന്നും രാഹുല്‍ പറഞ്ഞു. ഹര്‍ഷാരവത്തോടെയാണ് ചാവക്കാട് കടപ്പുറം രാഹുലിന്റെ വാക്കുകള്‍ സ്വീകരിച്ചത്. വി.ടി ബല്‍റാം എം.എല്‍.എ പ്രസംഗം പരിഭാഷപ്പെടുത്തി.
 
കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പ്രസംഗിച്ചു. മത്സ്യതൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ടി.എന്‍ പ്രതാപന്‍ സ്വാഗതവും വര്‍ക്കിംഗ് പ്രസിഡന്റ് ഓസ്റ്റിന്‍ തോമസ് നന്ദിയും പറഞ്ഞു.മത്സ്യത്തൊഴിലാളി കോളനി സന്ദര്‍ശിച്ച ശേഷമാണ് രാഹുല്‍ സമ്മേളന വേദിയിലെത്തിയത്. വഴിമധ്യേ നെഹ്രു സ്മൃതി മണ്ഡപത്തില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. സേവാദളിന്റെ ഗാര്‍ഡ് ഓഫ് ഓണറും സ്വീകരിച്ചു. എ.ഐ.സി.സി സെക്രട്ടറി മുകുള്‍ വാസ്‌നിക്, കെ.വി തോമസ് എം.പി, കെ.സി വേണുഗോപാല്‍ എം.പി, മന്ത്രിമാരായ സി.എന്‍ ബാലകൃഷ്ണന്‍, കെ. ബാബു, എം.എല്‍.എ മാരായ പി.സി വിഷ്ണുനാഥ്, തേറമ്പില്‍ രാമകൃഷ്ണന്‍, പി.എ മാധവന്‍, എം.പി വിന്‍സെന്റ്, ഡൊമിനിക് പ്രസന്റേഷന്‍,
കെ.പി.സി.സി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍, എ.ഐ.സി.സി വക്താവ് പി.സി ചാക്കോ, മുന്‍ എം.പി കെ.പി ധനപാലന്‍, മുസ് ലീംലീഗ് ജില്ലാ പ്രസിഡന്റ് സി.എച്ച് റഷീദ്, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം അഷ്‌റഫ് കോക്കൂര്‍, തീരദേശ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ വി. ദിനകരന്‍, ഉമ്മര്‍ ഒട്ടുമ്മല്‍, ഡി.സി.സി പ്രസിഡന്റ് ഒ. അബ്ദുറഹിമാന്‍കുട്ടി, ട്രഷറര്‍ പി.കെ അബൂബക്കര്‍ഹാജി എന്നിവരും ജില്ലയിലെ തെരഞ്ഞെടുത്ത കോണ്‍ഗ്രസ് നേതാക്കളും വേദിയിലുണ്ടായിരുന്നു. മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍, ടി.എന്‍ പ്രതാപന്‍ എം.എല്‍.എ, സി. ഗോപപ്രതാപന്‍ എന്നിവര്‍ ഉപഹാരം നല്‍കി.

 About pratichaya