banner

പ്രഥമയോഗാ ദിനാചരണത്തിലേക്ക് ലോകം നീങ്ങുന്നു.

പ്രഥമയോഗാ ദിനാചരണത്തിലേക്ക് ലോകം നീങ്ങുകയാണല്ലോ. ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ജൂണ്‍ 21നാണ് യോഗാദിനമായി ആചരിക്കുന്നത്. നമ്മുടെ മഹത്തായ പൈതൃകം ലോകത്തിന് സംഭാവന ചെയ്ത ആരോഗ്യപരിപാലന സമ്പ്രദായമാണ് യോഗ എന്നത്് ഓരോ ഭാരതീയനും അഭിമാനം പകരുന്നതാണ്. യോഗ എന്ന വ്യായാമത്തിലുടെ നമ്മുടെ ക്രാന്തദര്‍ശികളായ പൂര്‍വ സൂരികള്‍ അര്‍ഥമാക്കിയത് ആരോഗ്യമുളള ജീവിതമാണ്. ഇന്ത്യ അടക്കം 170 ഓളം രാജ്യങ്ങളില്‍ യോഗദിനാചരണത്തിനുളള നടപടികളുമായി മുന്നോട്ടുപോകുകയാണ്. ഗള്‍ഫ് അടക്കമുളള രാജ്യങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകഴിഞ്ഞു.

തിരക്കും സമ്മര്‍ദ്ദവും, പിരിമുറുക്കവും വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ നമ്മുടെ മനസിന്റെ ആയാസം ലഘൂകരിക്കുന്നതിനും, തെളിഞ്ഞ ചിന്തയിലേക്ക നയിക്കാന്‍ ഉതകുകയും ചെയ്യുന്ന ഭാരതത്തിന്റെ സ്വന്തം വ്യായാമചര്യക്ക് ലോകമെങ്ങും അംഗീകാരം ലഭിക്കുകയാണെന്നതില്‍ അതിരറ്റ സന്തോഷമുണ്ട്. താളിയോലകളിലൂടെയും വാമൊഴിയായും
നമുക്ക് ലഭിച്ച വരദാനമാണ് യോഗ. പുരാതനമായ ഈ സമ്പ്രദായത്തെ ആധുനിക വൈദ്യശാഖയുമായി സമന്വയിപ്പിക്കുന്നതിനും, യോഗയുടെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനും പുതിയ അംഗീകാരം വഴിയൊരുക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

പക്ഷേ ഇത്തരം ആചരണങ്ങള്‍ അടിച്ചേല്‍പ്പിക്കാനോ, വിശ്വാസ ധാരകളെ മുറിവേല്‍പ്പിക്കാനോ, സങ്കുചിത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുളള ഉളള വേദിയാക്കി മാറ്റുന്ന ഒരു നീക്കത്തോടും യോജിക്കാനാവില്ലെന്നും വ്യക്തമാക്കട്ടെ.

ജോസ് കെ മാണി എംപി



About pratichaya