banner

ജോസ്‌ കെ.മാണിയ്ക്ക്‌ കടുത്തുരുത്തിയുടെ മണ്ണില്‍ ആവേശം തുളുമ്പുന്ന സ്വീകരണം

E.90
യുഡിഎഫ്‌ സ്ഥാനാര്‍ഥി ജോസ്‌ കെ.മാണിയ്ക്ക്‌ കടുത്തുരുത്തിയുടെ മണ്ണില്‍ ആവേശം തുളുമ്പുന്ന സ്വീകരണം: ഓരോ വോട്ടും രണ്ടിലയ്ക്കുറപ്പിച്ചു പ്രചാരണം മുന്നോട്ടു കുതിക്കുന്നു
കിടങ്ങൂര്‍: യുഡിഎഫ്‌ സ്ഥാനാര്‍ഥി ജോസ്‌ കെ.മാണിയുടെ മണ്‌ഡലം പര്യടനത്തിന്റെ ഭാഗമായുള്ള തുറന്ന ജീപ്പിലെ പര്യടനം ആവേശകരമായ രണ്ടാം ഘട്ടത്തിന്റെ അവസാനത്തിലേയ്ക്ക്‌. തുറന്ന ജീപ്പിലുള്ള മണ്‌ഡലം പര്യടത്തിന്റെ രണ്ടാംഘട്ടത്തില്‍ കടുത്തുരുത്തി മണ്‌ഡലത്തിലെ കിടങ്ങൂര്‍ പഞ്ചായത്തിലെ കൂടല്ലൂരില്‍ നിന്നും ആരംഭിച്ചു. കൂടല്ലൂരില്‍ രാവിലെ എട്ടു മണിക്കു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പര്യടനം ഉദ്‌ഘാടനം ചെയ്‌തു.
കേരളത്തിലെ രാഷ്‌ട്രീയ കാലാവസ്ഥയ്ക്കു മാറ്റമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ യുഡിഎഫ്‌ വോട്ടു ചോദിക്കുന്നതെന്നു മന്ത്രി തിരവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. ഒരു ലോക്‌സഭാ മണ്‌ഡലത്തില്‍ 1209 കോടി രൂപയുടെ പദ്ധതികളാണ്‌ ജോസ്‌ കെ.മാണി കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ടു നടപ്പാക്കിയത്‌. ആധുനിക ഭാരതത്തിന്റെ മുഖമായി ജോസ്‌ കെ.മാണി കോട്ടയം മണ്‌ഡലത്തെ മാറ്റി. രാഷ്‌ട്രീയ കാലാവസ്ഥ ഇപ്പോള്‍ വികസനത്തിനു അനുകൂലമായ കാലാവസ്ഥയായി മാറിയിട്ടുണ്ട്‌. ഇതു തുടര്‍ന്നു ഇങ്ങനെ തന്നെ മുന്നോട്ടു കൊണ്ടു പോകുന്നതിനു വേണ്ടിയാണ്‌ യുഡിഎഫ്‌ ഇത്തവണ വോട്ടു ചോദിക്കുന്നത്‌. മണ്‌ഡലത്തിലെ ഓരോ മുക്കിലും മൂലയിലും വരെ വികസനം എത്തിക്കുക എന്നതാണ്‌ യുഡിഎഫിന്റെ ലക്ഷ്യം. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ടു യുഡിഎഫ്‌ സ്ഥാനാര്‍ഥി ജോസ്‌ കെ.മാണിയ്ക്കു ഇതിനു സാധിച്ചിട്ടുണ്ട്‌. ഈ പദ്ധതികള്‍ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യം കൂടി മുന്‍ നിര്‍ത്തിയാണ്‌ ഇത്തവണ രണ്ടില ചിഹ്നത്തില്‍ വോട്ടു തേടി സ്ഥാനാര്‍ഥി എത്തുന്നത്‌. ഇതിനു മുന്‍പു ഭരിച്ച ഇടതു മുന്നണി എന്താണ്‌ മണ്‌ഡലത്തില്‍ ചെയ്‌തതെന്ന്‌ എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടു തന്നെ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയ്ക്കു കാര്യമായ റോള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ജാമിതമ രാഷ്‌ട്രീയ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും വികസനം എത്തിക്കാന്‍ ശ്രമിച്ച എംപിയാണ്‌ ജോസ്‌ കെ.മാണിയെന്നു മോന്‍സ്‌ ജോസഫ്‌ എംഎല്‍എ പറഞ്ഞു. യുഡിഎഫ്‌ രാഷ്‌ട്രീയത്തിന്റെ വികസന തുടര്‍ച്ചയ്ക്കു വോട്ടു തേടിയാണ്‌ ഇത്തവണ ലോക്‌സഭാ മണ്‌ഡലത്തില്‍ സ്ഥാനാര്‍ഥി എത്തുന്നത്‌. ഓരോ വോട്ടും വിലപ്പെട്ട, നിര്‍ണ്ണായക തിരഞ്ഞെടുപ്പില്‍ എല്ലാവരും വോട്ട്‌ രേഖപ്പെടുത്തി ജോസ്‌ കെ.മാണിയുടെ വിജയം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കിടങ്ങൂര്‍, കടപ്ലാമറ്റം, മരങ്ങാട്ടുപള്ളി, ഉഴവൂര്‍, വെളിയന്നൂര്‍ പഞ്ചായത്തുകളിലൂടെയാണ്‌ ഇന്ന്‌ പ്രചാരണ വാഹനം കടന്നു പോകുന്നത്‌.
ആദ്യം സ്വീകരണമൊരുക്കിയിരുന്നു കിടങ്ങൂരില്‍ നൂറു കണക്കിനു സ്‌ത്രീകള്‍ അടക്കമുള്ളവരാണ്‌ സ്ഥാനാര്‍ഥിയെ നേരില്‍ കാണാനും സ്വീകരിക്കാനുമായി കാത്തു നിന്നത്‌. കിടങ്ങൂരിലെ കൂടല്ലൂര്‍, കട്ടച്ചിറ, പ്ലാമ്മൂട്‌, ചേര്‍പ്പുങ്കല്‍, കുമ്മണ്ണൂര്‍, കിടങ്ങൂര്‍ കോട്ടപ്പുറം ജംഗ്‌ഷന്‍ എന്നിവിടങ്ങളില്‍ ആവേശകരമായ സ്വീകരണമാണ്‌ സ്ഥാനാര്‍ഥിയ്ക്കായി ഒരുക്കിയിരിക്കുന്നത്‌. മോന്‍സ്‌ ജോസഫ്‌ എംഎല്‍എ, സി.ജെ ജോസഫ്‌, കെ.എം രാധാകൃഷ്‌ണന്‍, സക്കറിയ കുതിരവേലി, പ്രദീപ്‌ വലിയ പറമ്പ്‌, ടി. ജോസഫ്‌, പി.എം മാത്യു, ജാന്‍സ്‌ കുന്നപ്പള്ളി, എം.എസ്‌ ജോസ്‌, സണ്ണി തെക്കേടം, യു.പി ചാക്കപ്പന്‍, ബിജു മറ്റപ്പള്ളി, വി.കെ സുരേന്ദ്രന്‍, പ്രദീപ്‌ വലിയപറമ്പില്‍, ജോസ്‌ പുത്തന്‍കാലാ, പ്രഫസര്‍ മേഴ്സി ജോണ്‍, ടോമി മാലി, പി.ഒ വര്‍ക്കി, അംബിക സുകുമാരന്‍, സജീവ്‌ വി.പി നമ്പൂതിരി എന്നിവര്‍ വിവിധ വേദികളില്‍ പ്രസംഗിച്ചു.
..


About pratichaya