banner

കലാശക്കൊട്ടിന് മാതൃകയുമായി യു.ഡി.എഫ് ; ചൊവ്വാഴ്ച (08-04-2014) രാവിലെ പ്രചാരണം അവസാനിപ്പിക്കും

E.134

ലോകസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാനഘട്ടത്തിലെ കൊട്ടിക്കലാശത്തിനു ഇനിയില്ല. മറ്റൊരു മാതൃക സൃഷ്ടിക്കാനാണ് യു.ഡി.എഫ് തീരുമാനം. സംഘര്‍ഷത്തില്‍ അവസാനിക്കുന്ന തിരഞ്ഞെടുപ്പു കലാശക്കൊട്ട് ഒഴിവാക്കി, സമാധാനപരമായി പ്രചാരണ പരിപാടികള്‍ അവസാനിപ്പിക്കാനാണ് യു.ഡി.എഫ് ഇത്തവണ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പരസ്യ പ്രചാരണം അവസാനിപ്പിക്കാന്‍ വൈകിട്ട് അഞ്ചു വരെ തിരഞ്ഞെടുപ്പു കമ്മിഷന്‍ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും രാവിലെ 10 മണിയോടെ നഗരത്തില്‍ കൊട്ടിക്കലാശം നടത്താനാണ് യു.ഡി.എഫിന്റെ തീരുമാനം.

ചൊവ്വാഴ്ച (08-04-2014) രാവിലെ 10 നു ശാസ്ത്രി റോഡിലെ യു.ഡി.എഫ് തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസില്‍ നിന്നും പ്രകടനമായാണ് നേതാക്കളും പ്രവര്‍ത്തകരും കലാശക്കൊട്ടിനായി എത്തുക. ശാസ്ത്രി റോഡില്‍ നിന്നു കലക്ടറേറ്റിനു സമീപത്തൂകൂടി കെ കെ റോഡിലേയ്ക്കു കടക്കുന്ന പ്രകടനം മനോരമ ജംഗ്ഷനിലൂടെ തിരുനക്കരയിലേയ്ക്ക് എത്തും. തുടര്‍ന്ന് തിരുനക്കര മൈതാനത്തെ വലം വച്ച് ഗാന്ധി സ്‌ക്വയറിലേയ്ക്ക്. ഇവിടെ നേതാക്കളും സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു പരസ്യ പ്രചാരണം അവസാനിപ്പിച്ചു മടങ്ങും.

മുന്‍കാലത്ത് കലാശക്കൊട്ടിന്റെ ഭാഗമായി കോട്ടയത്ത് ബി.ജെ.പി – സി.പി.ഐ.എം സംഘര്‍ഷം ഉണ്ടായിരുന്നു. ഇത്തരത്തിലുണ്ടായ സംഘര്‍ഷത്തില്‍ സ്ഥാനാര്‍ഥിയ്ക്കു പരുക്കേല്‍ക്കുന്നത് അടക്കമുള്ള സംഭവങ്ങളും അരങ്ങേറി. അതുകൊണ്ടു തന്നെയാണ് പരസ്യമായുള്ള കലാശക്കൊട്ടില്‍ നിന്നു വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചതെന്നു യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ടോമി കല്ലാനിയും, കണ്‍വീനര്‍ ഇ ജെ ആഗസ്തിയും പറഞ്ഞു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ചു തിരഞ്ഞെടുപ്പു കലാശക്കൊട്ട് നടത്തുന്നതോടെ നഗരം ഗതാഗത കുരുക്കില്‍ കുടുങ്ങും. ഇതോടൊപ്പം ജനങ്ങള്‍ മണിക്കൂറുകളോളം ഗതാഗത കുരുക്കില്‍ പെട്ടു കുടുങ്ങിക്കിടക്കുന്ന സാഹചര്യമുണ്ടാകും. ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് യു.ഡി.എഫ് രാവിലെ തന്നെ കലാശക്കൊട്ട് നടത്തുന്നതെന്നും നേതാക്കള്‍ അറിയിച്ചു.



About pratichaya