banner

അബ്ദുല്‍ഖാദര്‍ മൗലവി: ത്രിവര്‍ണ്ണ പതാക മനസ്സില്‍ സൂക്ഷിച്ച മുസ്‌ലിം നവോത്ഥാന നായകന്‍

Abdul Khader

മലപ്പുറം: ഇസ്ലാമിക നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതമുഴിഞ്ഞുവെച്ചപ്പോളും ഇന്ത്യന്‍ ദേശീയ പ്രസ്ഥാനമായ കോണ്‍ഗ്രസിനോടുള്ള അളവറ്റ ആദരവും സ്‌നേഹവും മനസ്സില്‍ കൊണ്ടുനടന്ന വിപ്ലവകാരിയായിരുന്നു എ പി അബ്ദുല്‍ ഖാദര്‍ മൗലവി. സത്യം, സമത്വം, സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ഇസ്ലാമിന്റേതുകൂടിയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ആന്‍ഡമാന്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി പദവി, ആന്‍ഡമാനില്‍ ജോലി ചെയ്യവേ അദ്ദേഹം വഹിച്ചിരുന്നു.

മതവിദ്യാഭ്യാസ രംഗത്ത് അഗാധമായ പാണ്ഡിത്യം നേടിയ എ പി അബ്ദുല്‍ഖാദര്‍ മൗലവി ചങ്ങരംകുളം, നാദാപുരം തുടങ്ങിയിവിടങ്ങളില്‍ ആണ് ദര്‍സ് പഠനം നടത്തിയത്.  പിന്നീട് ഫറോക്ക് റൗസത്തുല്‍ ഉലൂം അറബിക് കോളേജില്‍ വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. ഇതിനിടെ  ആന്‍ഡമാനിലെ തന്റെ സഹോദരന്റെ ക്ഷണപ്രകാരം അവിടേക്ക് തിരിച്ച എ പി ഇവിടെ തയ്യല്‍ക്കാരനായി ജോലി നോക്കി. ഇതിനിടയില്‍ ആന്‍ഡമാനില്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രചാരകനായി പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനോട്  ആഭിമുഖ്യം പുലര്‍ത്തിയ മൗലവി ആന്‍ഡമാന്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയായി. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തിലേക്ക് തിരിച്ച മൗലവി വീണ്ടും റൗസത്തുല്‍ ഉലൂമില്‍ ചേര്‍ന്നു പഠിച്ചു. ഇവിടെ നിന്നും അഫ്‌സലുല്‍ ഉലമ ബിരുദം കരസ്ഥമാക്കി. മൗലാനാ അബുസ്സബാഹ് അഹ്മദലി മൗലവി, അബുസ്സലാഹ് മൗലവി, സി പി അബൂബക്കര്‍ മൗലവി, മേപ്പിലാച്ചേരി മൊയ്തീന്‍ മുസ്‌ല്യാര്‍ മുതലായവര്‍ പ്രധാന ഗുരുനാഥന്മാരില്‍ ചിലരാണ്. കോഴിക്കോട്, എടവണ്ണ എന്നിവിടങ്ങളിലെ ഗവ. ഹൈസ്‌കൂളുകളില്‍ അധ്യാപകനായി. ശേഷം അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജിലും എടവണ്ണ ജാമിഅ നദ്‌വിയ്യയിലും അധ്യാപകനായി. 1974 ല്‍ വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളേജ് പ്രിന്‍സിപ്പലായി മൗലവി ജോലി നോക്കി. അന്‍സാറിന്റെ പുരോഗതിയില്‍ മുഖ്യ പങ്കുവഹിച്ചത് അബ്ദുല്‍ഖാദിര്‍ മൗലവിയാണ്. 1988ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചു.

എ പി അബ്ദുല്‍ ഖാദിര്‍ മൗലവിയുടെ നിര്യാണത്തോടെ നഷ്ടമായത് മുസ്‌ലിം നവോത്ഥാനത്തിന്റെ നായകനെയാണ്. സംസ്ഥാനത്തിനകത്തും പുറത്തും മുജാഹിദ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മൗലവി മതവിഷയങ്ങളില്‍ അഗാധമായ പാണ്ഡിത്യത്തിനുടമയായിരുന്നു. ആയിരക്കണക്കിന് ശിഷ്യന്മാരാണ് മൗലവിക്കുള്ളത്.  മുജാഹിദ് പ്രസ്ഥാനത്തിന്റെ അമരക്കാരില്‍ ജീവിച്ചിരിപ്പുള്ള തലമുതിര്‍ന്ന നേതാക്കളില്‍ ഒരാളെയാണ് മൗലവിയുടെ നിര്യാണം മൂലം നഷ്ടമായത്. കെ.എന്‍.എമ്മിന്റെ ഗള്‍ഫ് ഘടകമായ ഇസ്‌ലാഹി സെന്ററുകള്‍ സ്ഥാപിക്കുന്നതില്‍ ആശയപരവും നേതൃപരവുമായ പങ്ക് എ പിയുടേതാണ്. മുജാഹിദ് പ്രസ്ഥാനത്തെ ജനകീയ വല്‍ക്കരിക്കുന്നതില്‍ മൗലവിവലിയ പങ്ക് വഹിച്ചു. കേരളത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയ-മത നേതാക്കളുമായുള്ള അദ്ദേഹത്തിന്റെ ബന്ധം പ്രസ്ഥാനത്തെ ബഹുമുഖമാക്കുന്നതില്‍ അനല്‍പമായ പങ്കുവഹിച്ചു. 1996 മുതല്‍ കെ.എന്‍.എം ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച അദ്ദേഹം 1994-96 കാലയളവില്‍ സംഘടനയുടെ ആക്ടിംഗ് സെക്രട്ടറിയായിരുന്നു. 1972 മുതല്‍ 1994 വരെ സംസ്ഥാന സെക്രട്ടറിയുമായിരുന്നു.

എടവണ്ണ പത്തപ്പിരിയത്ത് സ്ഥിരതാമസമാക്കിയതോടെ അവിടെ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. കെ പി മുഹമ്മദ് ബിന്‍ അഹ്മദ് മൗലവിയുടെ നിര്യാണത്തെത്തുടര്‍ന്ന് 1996ലാണ് കെ എന്‍ എം സംസ്ഥാന ജനറല്‍ സെ്രകട്ടറിയായി എ പി തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് തല്‍സ്ഥാനത്ത് തുടരുകയായിരുന്നു. പുളിക്കല്‍ ജാമിഅ സലഫിയ്യ വൈസ് ചാന്‍സിലര്‍, എടവണ്ണ ജാമിഅ നദ്‌വിയ്യ മാനേജിംഗ് ട്രസ്റ്റി, കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍, കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍, കെ.ജെ.യു ഫത്‌വ ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു വരികയായിരുന്നു. ഇതിനിടെ 1962 ല്‍ കെ.എന്‍.എം വിദ്യാഭ്യാസ ബോര്‍ഡ് അംഗമായി. കെ.എന്‍.എം മദ്രസാ പാഠപുസ്തകങ്ങള്‍ ആധുനികവത്ക്കരിക്കുന്നതിന്ന് നേതൃത്വം നല്‍കി.  ചോദ്യങ്ങളും മറുപടികളും, പ്രാര്‍ത്ഥന ഖുര്‍ആനില്‍, സകാത്ത് ഒരു മാര്‍ഗരേഖ, തഖ്‌ലീദ് ഒരു പഠനം തുടങ്ങിയ ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ചരിത്ര പ്രസിദ്ധമായ നിരവധി സംവാദങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. ആമയൂര്‍, താനാളൂര്‍, എടത്തറ, വെളിയഞ്ചേരി, വണ്ടൂര്‍, പൂനൂര്‍, നന്തി, കുറ്റിച്ചിറ, കൊട്ടപ്പുറം സംവാദങ്ങളിലൂടെ മുജാഹിദ് പ്രസ്ഥാനത്തിന്റെ ആശയാദര്‍ശങ്ങല്‍ പ്രചരിപ്പിക്കുന്നതില്‍ എ പി അബ്ദുല്‍ ഖാദര്‍ മൗലവി കനത്ത സംഭാവനകള്‍ നല്‍കി.

Reference: http://veekshanam.com/news/2738/news.html#.U41OFHKSx1YAbout pratichaya